Famous Places

Snehateeram – Sea shore trissur

Snehateeram – Sea shore – Trissur

പ്രകൃതിയെയും കടലിനെയും സ്നേഹിക്കുന്ന ആരും തിരിഞ്ഞു നോക്കാത്ത , വൃത്തിഹീനമായ ചുറ്റുപാടില്‍ കിടക്കുന്ന, മത്സ്യബന്ധനം നടത്താന്‍ മാത്രം ഉപയോഗിക്കുന്ന അനേകം കടല്‍തീരങ്ങള്‍ കേരളത്തില്‍ പലയിടങ്ങളിലും കാണാം. അങ്ങിനെ കിടന്നിരുന്ന ഒരു കടല്‍തീരത്തെ ഒരു ദിവസം ആയിരത്തില്‍ അധികം ആളുകള്‍ വരുന്ന, ആ നാടിന്റെ തന്നെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ ഉള്ള ഒരു സുന്ദരതീരം ആക്കി മാറ്റാന്‍ നമുക്ക് കഴിയുമോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് തൃശൂര്‍ ജില്ലയിലെ തളിക്കുളം എന്ന സ്ഥലത്തെ സ്നേഹതീരം എന്ന കടപ്പുറം. ചിന്തിക്കാനുള്ള കഴിവും നടപ്പിലാക്കാനുള്ള ഇച്ഹാശക്സ്തിയും ഉണ്ടെങ്കില്‍ നമ്മുടെ നാട്ടിലെ അധികം അറിയപ്പെടാത്ത സ്ഥലങ്ങളെ വിനിയോഗിച്ചു ടൂറിസത്തിലൂടെ “ദൈവത്തിന്റെ സ്വന്തം നാടിനെ” എങ്ങനെ പുരോഗതിയിലേക്ക് നയിക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായും ഈ സ്നേഹതീരത്തെ നമുക്ക് എടുത്തു കാണിക്കാം. 

 


 

SNEHATHEERAM.jpg

 

രണ്ടു വര്‍ഷം മുന്‍പത്തെ ഒരു ഓണക്കാലത്താണ് സ്നേഹതീരത്തെ പറ്റി ആദ്യമായി കേള്‍ക്കുന്നത്. അറിഞ്ഞതിന്റെ പിറ്റെന്നാള്‍ ഒരു സുഹൃത്തിനെയും കൂട്ടി തൃശ്ശൂരില്‍ നിന്നും അങ്ങോട്ട്‌ യാത്ര തിരിച്ചു. തൃശ്ശൂരില്‍ നിന്നും പടിഞ്ഞാറേ കോട്ട – ഒളരി – കാഞ്ഞാണി – വാടനപ്പിളി വഴി തളിക്കുളം എന്ന സ്ഥലത്തെത്തി . അവിടെ നിന്നും ഏകദേശം നാല് കിലോമീറ്റര്‍ അകലെ ആണ് ഈ സ്നേഹതീരം എന്ന് കേട്ടറിഞ്ഞിരുന്നു. നാഷണല്‍ ഹൈവേ 17 ലെ തളിക്കുളത്ത് നിന്നും വലതു വശത്തേക്കുള്ള റോഡിലൂടെ അല്പം പോയപ്പോഴേക്കും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു തുടങ്ങി. സ്നേഹതീരത്തിലേക്ക് പോകുന്ന വാഹനങ്ങള്‍ മാത്രം നിറഞ്ഞ ആ റോഡും തിരക്കും കണ്ടപ്പോള്‍ ആദ്യം അദ്ഭുതവും പിന്നെ നിരാശയും തോന്നി . പക്ഷെ ആ തിരക്കിനെ മറികടന്നു അവിടെപോയി ആള്‍ക്കൂട്ടത്തില്‍ ഒരാളാവാന്‍ മനസ്സ് സമ്മതിച്ചില്ല. ഒരു കണക്കിന് വണ്ടിയും തിരിച്ചു സ്നേഹതീരം എന്ന സുന്ദരക്കാഴ്ച്ചയെ മനസ്സില്‍ ബാക്കി നിര്‍ത്തി പാതി വഴിയില്‍ ഞങള്‍ മടങ്ങി. 

 

SNEHATHEERAM1.jpg

 

രണ്ടാം യാത്ര എറണാകുളത്തു നിന്നും കുടുംബത്തോടൊപ്പം ആയിരുന്നു. എറണാകുളം – ഗുരുവായൂര്‍ റോഡിലൂടെ പറവൂരും കൊടുങ്ങല്ലൂരും തൃപ്രയാറും പിന്നിട്ട് തളിക്കുളത്തെത്തി. കടലിനെ ആസ്വദിക്കാന്‍ പോകുമ്പോള്‍ നമ്മളും കടലും മാത്രമേ ഉണ്ടായിരിക്കാവൂ എന്ന ഞങ്ങളുടെ ആഗ്രഹം സ്നേഹതീരം നടപ്പിലാക്കി തന്നു . അതിരാവിലെ ആയതിനാല്‍ മറ്റാരും ഇല്ലാതെ കടലും ഞങ്ങളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

SNEHATHEERAM2.jpg

 

കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറെഷന്റെ കീഴിലാണ്  ഈ ബീച്ച് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് . 

 

SNEHATHEERAM3.jpg

ഞങ്ങള്‍ സ്നേഹതീരത്തിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ ആദ്യം കണ്ടത് കുട്ടികളുടെ പാര്‍ക്ക് ആയിരുന്നു . കടലിനോടു ചേര്‍ന്ന് കിടക്കുന്ന ആ പാര്‍ക്ക് ആണ് ഇപ്പോള്‍ ഇവിടത്തെ പ്രധാന ആകര്‍ഷണ കേന്ദ്രം. അഞ്ചു രൂപയാണ് പ്രവേശന ഫീസ് . കുട്ടികള്‍ക്ക് മൂന്നു രൂപയും . കുട്ടികള്‍ക്കായി വിവിധ തരം കളിയുപകരണങ്ങളും, അവക്കിടയിലൂടെ ഓടി നടക്കാനായി വൃത്തിയുള്ള, ഭംഗിയായ ഓടു വിരിച്ച നടവഴികളും എല്ലാം ചേര്‍ന്ന ഒരു മനോഹരമായ സ്ഥലമായിരുന്നു ആ പാര്‍ക്ക്. എനിക്ക് പേരോര്‍മ്മയില്ലാത്ത, അടുത്ത കാലത്ത് ഇറങ്ങിയ ഒരു സിനിമയിലെ ഗാന രംഗം ഈ പാര്‍ക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത് . .

SNEHATHEERAM4.jpg

 

ഏകദേശം ആയിരത്തിലധികം പേര്‍ക്ക് ഒരുമിച്ചിരുന്നു പരിപാടികള്‍ കാണാന്‍ വേണ്ടി തുറന്ന ഒരു സ്റ്റേജ് അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു. വിശേഷ ദിവസ്സങ്ങളിലും മറ്റും അവിടെ നടത്തുന്ന പരിപാടികള്‍ കാണാനും കടലിനെ ആസ്വദിക്കാനുമായി ആയിരക്കണക്കിന് ആളുകളാണ് വിശേഷദിവസ്സങ്ങളില്‍ ഇവിടെ എത്തുന്നത്‌. ഇത്തരം സൌകര്യങ്ങള്‍ ഉള്ള ഒരു കടപ്പുറം കേരളത്തില്‍ വിലരില്‍ എണ്ണാവുന്ന സ്ഥലങ്ങളിലെ ഉണ്ടാകൂ. പ്രശസ്തമായ കോവളം ബീച്ചില്‍ പോലും ഇത്രയും സൌകര്യങ്ങള്‍ കണ്ടിട്ടില്ല. എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തില്‍ എല്ലാം സൌകര്യങ്ങളും ഒരുക്കിയ സുന്ദരമായ ഈ കടപ്പുറം ശരിക്കും ഒരു വേറിട്ട കാഴ്ചയായി.

 


SNEHATHEERAM5.jpg

 

വിശാലമായ കാര്‍ പാര്‍ക്കിംഗ് സ്ഥലങ്ങളും അതിനോടനുബന്ധിച്ചു ഭക്ഷണശാലകളും എല്ലാം ഈ സ്നേഹതീരത്തിന്റെ പ്രത്യേകതകളായി പറയാം .ഇവിടത്തെ നാലുകെട്ട് എന്ന രെസ്റൊരെന്റ്റ് നാടന്‍ ഭക്ഷണത്തിനും മത്സ്യ വിഭവങ്ങള്‍ക്കും പേര് കേട്ടതാണ് . അടുത്ത കാലത്തായി സഞ്ചാരികള്‍ക്കായി കുറച്ചു ഹോം സ്റ്റേകളും ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് .

SNEHATHEERAM6.jpg

 

കടല്‍ കയറി ആ മനോഹരതീരത്തെ നശിപ്പിക്കാതിരിക്കാന്‍ വേണ്ടി ഇട്ടിരിക്കുന്ന വലിയ പാറക്കല്ലുകളില്‍ കൂടി നടന്നും, കുടുംബത്തോടൊപ്പം ആ കടലിന്റെ സൌന്ദര്യം ആസ്വദിച്ചും, വെള്ളത്തില്‍ കുളിച്ചും ഒരു പാട് സമയം അവിടെ ചിലവഴിച്ചു . മറ്റാരുടെയും ശല്യപ്പെടുത്തലുകള്‍ ഇല്ലാതെ പ്രകൃതിയും ഞങ്ങളും മാത്രമായ ഒരവസ്ഥ വളരെ രസകരം ആയിരുന്നു. ആ തിരകള്‍ ഞങ്ങളോട് എന്തൊക്കെയോ ചോദിക്കുന്നത് പോലെ തോന്നി .

SNEHATHEERAM7.jpg

 

കുട്ടികളെ സുരക്ഷിതമായ അകലത്തില്‍ കളിക്കാന്‍ വിട്ടു, ഭാര്യയുടെ മടിയില്‍ തലയും വെച്ചു, മഞ്ഞ നിറത്തിലുള്ള ഒരു ചാര് ബഞ്ചില്‍  ആ കടലിനെ നോക്കി കുറെ സമയം കിടന്നു. കളികള്‍ മതിയാക്കി മടങ്ങി വന്ന അഞ്ചു വയസ്സുകാരന്‍ മകന്‍ , പ്രായത്തേക്കാള്‍ ഇരട്ടി ബുദ്ധിയുള്ള പുതിയ തലമുറയിലെ ഒരംഗമായ അവന്‍ ചോദിച്ചു ” അച്ഛനും അമ്മയും ലവ്വാണ് അല്ലേ ? “.  ഒരു ബാന്ഗ്ലൂര്‍ യാത്രയില്‍ പാര്‍ക്കില്‍   കണ്ട  കമിതാക്കള്‍ , അവര്‍ ലവ്വായതുകൊണ്ടാണ്  അങ്ങിനെ കിടക്കുന്നത് എന്നും, വലുതാകുമ്പോള്‍ നീയും അങ്ങിനെ കിടക്കും എന്ന്   ഞാന്‍ തമാശയായി പറഞ്ഞു കൊടുത്ത ഓര്‍മ്മയില്‍ നിന്നാണ്  മകന്റെ ഈ ചോദ്യം .  


SNEHATHEERAM8.jpg

 

SNEHATHEERAM9.jpg


അല്ലെങ്കിലും പേരില്‍ തന്നെ സ്നേഹം ഒളിപ്പിച്ചു വെച്ച ഈ സ്നേഹതീരത്തില്‍  വന്ന് , ഈ സുന്ദരമായ കടലിനെ നോക്കി ഏറ്റവും ഇഷ്ടപ്പെട്ട ഒരാളോടൊപ്പം ഇരിക്കുമ്പോള്‍ മനസ്സില്‍ പ്രണയമല്ലാതെ മറ്റൊരു വികാരവും ഉണ്ടാകില്ലല്ലോ ? 

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close