Uncategorized

Quotation Class malayalam fun

ക്വട്ടേഷന്‍ ക്ളാസ്

ക്വട്ടേഷന്‍ ക്ളാസ്
ഇപ്പോഴാണ് സത്യത്തില്‍ ഈ ക്വട്ടേഷന്‍കാരുടെ വില മനസ്സിലാവുന്നത്. രാത്രിയില്‍ ഒരുത്തനെ തട്ടാന്‍ പോകുന്ന വഴി ബൈക്കില്‍ പോയ ഒരു സാധുവിനെ ഇടിച്ചു വീഴ്ത്തിയിട്ടു പോയ കുത്തകമുതലാളിയെ രണ്ടു വണ്ടികളിലായി ചെയ്സ് ചെയ്തു പിടിക്കുക. ഹൊ ! തന്റെ 100 കുഞ്ഞാടുകളിലൊന്ന് അപകടത്തില്‍ പെട്ടപ്പോള്‍ ബാക്കി 99 എണ്ണത്തിനേം അവിടെ വിട്ടേച്ചു ഒരെണ്ണത്തിനെ പിടിക്കാന്‍ പോയ ബൈബിളിലെ നല്ല ഇടയന്റെ ഹീറോയിസം. സത്യത്തതില്‍ ആ സംഭവം പോലീസുകാര് വിവരിക്കുന്നത് കേട്ടപ്പോള്‍ അഭിമാനം കൊണ്ട് ചോര തിളച്ചുപോയി.

ഒരു ക്വട്ടേഷന്‍കാരനായി ജനിച്ചില്ലല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി. ഇത്രയും മാന്യമായ, പൌരുഷമുള്ള ഒരു തൊഴില്‍ വേറെ എന്തുണ്ട് ? പോരെങ്കില്‍ ഏതു സമയത്തും ഈയൊരു സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കുകയും ചെയ്യാം. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ അവതരിപ്പിക്കുന്ന കോപ്പിലെ കഥാപാത്രങ്ങളും കോണകത്തിലെ ഡയലോഗുകളും ക്വട്ടേഷന്‍ ചേട്ടന്‍മാരുടെ ശരിക്കുമുള്ള ജീവിതം വച്ചുനോക്കുമ്പോള്‍ വല്ലതുമാണോ ?

അതുകൊണ്ട് ഇന്നുമുതല്‍ കേരളത്തിലെ ക്വട്ടേഷന്‍കാരാണ് എന്റെ നായകന്‍മാര്‍. സംസ്ഥാനഭരണകൂടവും പോലീസുകാരും വന്‍കിട മുതലാളിമാരും പിന്നെ ഏഴാംകൂലികളായ ചാവാലി ജനങ്ങളും ഒരേപോലെ പേടിക്കുന്ന ക്വട്ടേഷന്‍കാര്‍ക്ക് അതുകൊണ്ട് ഇനി മുതല്‍ എന്നെ ശത്രു ബ്ളോഗര്‍മാരില്‍ നിന്നും വൃത്തികെട്ട അനോണികളില്‍ നിന്നും സംരക്ഷിക്കേണ്ട ധാര്‍മികമായ ഉത്തരവാദിത്വം കൂടി ഉണ്ടായിരിക്കും. ആരുടെ തലവെട്ടാന്‍ പോകുന്ന പോക്കായാലും ശരി നിങ്ങള്‍ അധാര്‍മികത കണ്ടാല്‍ അപ്പോള്‍ പ്രതികരിക്കണം. ആളെ കൊന്നോളൂ, എത്ര വേണമെങ്കിലും കൊന്നോളൂ, പക്ഷേ, അധാര്‍മികത, അനീതി, ഇതൊന്നും വച്ചുപൊറുപ്പിക്കരുത്.

ഒരു സിനിമാ നടനാകുന്നതാണ് കേരളത്തില്‍ ഏറ്റവും ഗാമറുള്ള പണി എന്നായിരുന്നു എന്റെ സങ്കല്‍പം. അതു തെറ്റായിരുന്നു.. സിനിമാ നടനൊക്കെ എപ്പോ വേണമെങ്കിലും ഔട്ടാകാം. ആരാധകരുടെയും ഫാന്‍സിന്റെയും ശല്യം വേറെ. നാലു പടം പൊട്ടിയാല്‍ തീര്‍ന്നു. പത്രക്കാരെയൊക്കെ എത്ര തിരുമ്മിക്കിടത്തിയാലാണ് ഒരു ഫീച്ചര്‍ വരിക. അങ്ങനെ എത്ര ഫീച്ചര്‍ വന്നാലാണ് പ്രസിദ്ധനാകുന്നത്.

ഈ വക പരിമിതികളൊന്നും ക്വട്ടേഷന്‍കാര്‍ക്കില്ല. ഗുണ്ടാ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ മുതലാണ് ഒരു ഗുണ്ട അഥവാ ക്വട്ടേഷന്‍കാരന്‍ വാര്‍ത്തകളില്‍ നിറയുന്നത്. അതുവരെ നാട്ടില്‍ തല്ലും പിടിയുമായി നടക്കുന്നവനെ പോലീസുകാര്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതോടെ അവന്റെ ഭാവി തെളിയുന്നു. കേഡി, റൌഡി എന്നൊക്കെ അവജ്ഞയോടെ കാണപ്പെട്ടിരുന്നവന്‍ ഭരത് അവാര്‍ഡ് കിടിയ ജൂണിയര്‍ ആര്‍ടിസ്റ്റിനെപ്പോലെ പവര്‍ഫുള്ളാകുന്നു. അതുവരെ പോലീസുകാര്‍ വിളിച്ചാല്‍ ഒന്നോ രണ്ടോ ദിവസം അകത്തുപോയി കിടന്നിട്ടു വരാറുണ്ടായിരുന്ന ഗുണ്ട ലിസ്റ്റില്‍ കയറിപ്പറ്റിയാല്‍ പിന്നെ താരമാണ്.

സത്യത്തില്‍ കേരളത്തിലെ ആയിരക്കണക്കായ ഗുണ്ടകളുടെ ജീവിതം മാറ്റിമറിക്കുന്ന പിഎസ്എസി റാങ്ക് ലിസ്റ്റ് പോലെയുള്ള ഒരു ലിസ്റ്റാണീ ഗുണ്ടാ ലിസ്റ്റ്. ലിസ്റ്റ് പടമടക്കം പത്രത്തില്‍ വരും. അതിലേക്കു കൊടുക്കാന്‍ നെറ്റിയില്‍ മുറിപ്പാടുള്ള കുറ്റിത്താടിയുള്ള ഒരു ഫോട്ടോ നേരത്തെ തയ്യാറാക്കി വച്ചേക്കണം. മുറിപ്പാട് എന്നു പറയുന്നത് ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമാണ്. എല്ലാവര്‍ക്കും അതു കിട്ടില്ല. അതില്ലാത്തവര്‍ ബബിള്‍ ഗം ചവച്ച ശേഷം വലിച്ചു നീട്ടി നെറ്റിയില്‍ നീളത്തില്‍ വലിച്ചങ്ങു പിടിപ്പിച്ചാ മതി. വടിവാളിനു വെട്ടുകിട്ടിയത് ഉണങ്ങിയതാണെന്നു കരുതിക്കോളും..

അതുപോലെ തന്നെ പേരും മാറ്റി നല്ല സുന്ദരക്കുട്ടപന്‍ ഒരു പേരിടണം. സിനിമാക്കാരൊക്കെ പേരുമാറ്റി സിനിമയ്ക്കു പറ്റിയ പേരിടുന്നതുപോലെ ഗുണ്ടകളും തൊഴിലിന് അനുയോജ്യമായ പേരിടണം. മമ്മൂട്ടി, ദിലീപ്, സത്യന്‍, ജയന്‍ തുടങ്ങിയവരുടെയൊക്കെ ശരിക്കുള്ള പേരു കേട്ടാല്‍ ആരും ഷൂട്ടിങ് സ്ഥലത്തേക്കു പോലും അടുപ്പിക്കില്ല. അതുപോലെ തന്നെയാണ് ഗുണ്ടകളുടെയും കാര്യം. പത്തും പന്ത്രണ്ടും കൊല നടത്തിയ ഗുണ്ടയുടെ പേര് ടിന്റുമോന്‍ എന്നാണെങ്കില്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. അവനെത്ര പേരെ കൊന്നാലും ഗുണ്ടാലിസ്റ്റില്‍ ഇടം കിട്ടില്ല.

ചെറിയ പേരും ഒപ്പം ഒരു വിശേഷവുമാണ് വേണ്ടത്. ക്രിസ്റ്റഫര്‍ റൊസാരിയോ, ആന്റണി ഇഗ്നേഷ്യസ് വിമെന്റോ, വിന്‍സെന്റ് ഗോമസ്, വിക്രം ഘോര്‍പടെ തുടങ്ങിയ പേരുകളൊന്നും ഇട്ടേക്കരുത്. വഴിയിലെങ്ങാനും വച്ചു കണ്ടാല്‍ നാലാം ക്ളാസ്സില്‍ പഠിക്കുന്ന പിള്ളേര്‍ വരെ കാലില്‍ പിടിച്ചലക്കിയേച്ചു പോകും. അതൊക്കെ സിനിമയിലേ പറ്റൂ. നമുക്കു വേണ്ടത് വളരെ റിയലിസ്റ്റിക്കായ പേരുകളാണ്. സാധാരണ ആളുകള്‍ക്കു കാണുന്ന ചില പേരുകള്‍. എന്നാല്‍ എല്ലാ സാധാരണ പേരുകളും പറ്റുകയുമില്ല. ഷാജി, ഷിബു, രാജേഷ്, ജോണി, ബിനു, കുട്ടന്‍ തുടങ്ങിയ പേരുകളാണ് വേണ്ടത്. നീയാണല്ലേടാ പെണ്‍കുട്ടികളെ വഴി നടക്കാന്‍ സമ്മതിക്കാത്ത അലവലാതി ഷാജി എന്നു ചോദിച്ച് ജയന്‍ പണ്ടേ അലമ്പുണ്ടാക്കിയിട്ടുണ്ട്.

പേരു തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ പിന്നെ ശ്രദ്ധിക്കേണ്ടത് ഇനിഷ്യല്‍സ് ആണ്. ഷാജി ജോസഫ്, ഷാജി മേരി സെബാസ്റ്ററ്യന്‍, ഷാജി നമ്പൂതിരി, ഷാജി ഉണ്ണികൃഷ്ണന്‍ എന്നിങ്ങനെയൊക്കെ വന്നാല്‍ പൊളിഞ്ഞു. ആ കൂടെയുള്ള പേര് ഷാജിയുടെ പഞ്ച് കളയും. ഷാജി എന്ന പേരിനു മുമ്പ് സ്ഥലപ്പേര് ചേര്‍ക്കുന്നതാണ് സ്റ്റൈല്‍. ഇടപ്പാടി ഷാജി- കണ്ടോ സംഗതി ഗുണ്ടയാണെന്ന് ഉറപ്പ്.

എന്നു കരുതി കേരളത്തിലെ എല്ലാ ഗുണ്ടകള്‍ക്കും ഷാജി എന്ന പേര് തിരഞ്ഞെടുക്കാന്‍ പറ്റില്ല. മറ്റു പേരുകളും കൂടി തിരഞ്ഞെടുക്കണം. അപ്പോള്‍ പഞ്ചിനു വേണ്ടി സ്ഥലപ്പേരിനു പകരം മറ്റു വിശേഷണങ്ങള്‍ ചേര്‍ക്കാം. റൈഫിള്‍ ജോണി (കണ്ടോ ജോണി എത്ര ക്രൂരനായി), വടിവാള്‍ ഷിബു (ഇരമ്പും), കരാട്ടെ ബിനു, ആസിഡ് ബിനീഷ് എന്നിങ്ങനെ എന്തെങ്കിലും വിശേഷണം മതി, സംഗതി ക്ളീന്‍.

ഇങ്ങനെ പേരിടുന്നത് ചുമ്മാ ജനങ്ങളെ പേടിപ്പിക്കാനാണെന്നു കരുതരുതത്. പ്രൊഫഷനില്‍ ബ്രാന്‍ഡിങ്ങിന് വളരെ വളരെ അത്യാവശ്യമാണ് ഈ പേരിടല്‍. ഈ പേരുകള്‍ വഴി നിങ്ങള്‍ പ്രസിദ്ധനായെങ്കില്‍ മാത്രമേ വിവിധ ആവശ്യങ്ങള്‍ക്ക് ആളുകള്‍ നിങ്ങളെ സമീപിക്കൂ. മകളെ കമന്റടിക്കുന്നവനെ ഓടിച്ചു വിടാന്‍ ആരും റൈഫിള്‍ ജോണിയെ വിളിക്കില്ല, അതിന് ലോക്കലില്‍ നിന്ന് ഏതെങ്കിലും കവല വാസുവിനെ വിളിച്ചുകൊള്ളും. അല്ലെങ്കിലും അത്തരം ചീളു കേസിന്റെ പിന്നാലെ പോയി പോലീസുകാരുടെ ഇടിവണ്ടിയാവാനുള്ളതല്ല ഒരു നല്ല ക്വട്ടേഷന്‍കാരന്റെ ജന്മം.

ഗുണ്ടാ ലിസ്റ്റില്‍ പേരു വന്നു കഴിഞ്ഞാല്‍ പിന്നെ വലിയ വിളയാട്ടങ്ങള്‍ക്കൊന്നും പോകരുത്.കാത്തിരിക്കുക. നല്ല ഏതെങ്കിലും ഫൈനാന്‍സ് കമ്പനിയില്‍ നിന്നു വിളി വരും. ബയോ ഡേറ്റയുമായി പോവുക. അത് വളരെ പ്രൊഫഷനായ ഒരു വിളിയാണെന്നതിനാല്‍ കുറ്റിത്താടിയും വെട്ടുകൊണ്ട പാടുമായി പോകരുത്. കുളിച്ച് കുട്ടപ്പനായി ചിരിച്ചുല്ലസിച്ചു വേണം ചെല്ലാന്‍. ഓഫിസിന്റെ മുറ്റത്ത് ചെന്ന് കസര്‍ത്തു കാണിക്കുക, സെക്യൂരിറ്റിയുടെ തന്തയ്ക്കു വിളിക്കുക, റിസപ്ഷനിലിരിക്കുന്ന പെണ്ണിന്റെ കൈയ്ക്കു കയറി പിടിക്കുക, തുടങ്ങിയ നാലാംകിട വേലകള്‍ക്കു പോയി കിട്ടാനിരിക്കുന്ന പണി കളയരുത്. മുതലാളി കാണിച്ചു തരുന്ന തല, കൈ, കാല്‍ തുടങ്ങിയ അവയവങ്ങള്‍ വെട്ടി മാറ്റുക എന്നാതാണ് നമ്മുടെ ജോലി. അത് വെടിപ്പായി ചെയ്യുക, പറഞ്ഞ കാശ് വാങ്ങിക്കുക, അന്തസ്സായി ജീവിക്കുക.

ഇടയ്ക്കൊക്കെ ഓരോ കേസിലും പെട്ട് പത്രങ്ങളുടെ ഒന്നാം പേജില്‍ പേരും പടവുമൊക്കെ വരുമ്പോള്‍ അഹങ്കരിക്കുകയോ മറ്റുള്ളവരെ വെല്ലുവിളിക്കുകയോ ഒന്നും ചെയ്യരുത്. ക്ഷമയോടെ പോലീസുകാരുടെ സന്തോഷത്തിന് ഒളിവില്‍ പോവുക. അല്ലെങ്കില്‍ പോയി കീഴടങ്ങുക. കീഴടങ്ങുക എന്ന വാക്ക് ഉപയോഗിക്കുന്നെന്നേയുള്ളൂ. നമ്മള്‍ നെഞ്ചുവിരിച്ചു സ്റ്റേഷനിലേക്ക് കയറി ചെല്ലുമ്പോള്‍ നിറകണ്ണുകളോടെ കെട്ടിപ്പിടിച്ച് പോലീസുകാര്‍ പറയും- എനിക്കു പിറക്കാതെ പോയ മകനാണ് ഉണ്ണി നീ- എന്ന്. എന്നിട്ടു കസേര വലിച്ചിട്ട് ചായയോ കടിയോ എന്താണെന്നു വച്ചാല്‍ വാങ്ങിച്ചു തരും.

അതുകൊണ്ട് എത്രയും വേഗം ക്വട്ടേഷന്‍ രംഗത്തേയ്ക്കു വരിക. താല്‍പര്യമുള്ളവരെ സംഘടിപ്പിച്ച് കേരളാ ക്വട്ടേഷന്‍ അക്കാദമി രൂപീകരിക്കാനും ജില്ലാ അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ശില്‍പശാലകള്‍ നടത്താനും ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. ക്വട്ടേഷന്‍കാരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കാനും ഒരു വീട്ടില്‍ ഒരു ക്വട്ടേഷന്‍കാരന്‍ എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനുമാണ് എന്റെയീ എളിയ പരിശ്രമം. മക്കളെ പട്ടാളത്തിലയക്കുന്നവരും സെമിനാരിയില്‍ വിടുന്നവരും ഒന്നു കൂടി ആലോചിക്കൂ- അവനെ ക്വട്ടേഷന്‍ ക്ളാസ്സിനയക്കൂ. അവന്‍ നാളത്തെ താരമായേക്കാം.


www.nideesh.in
Email:
malayalam fun jayan fun malayalam film fun

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close